2011, നവംബർ 21, തിങ്കളാഴ്‌ച

ആത്മോപദേശത്രയം


ഉള്ളാട്ടം
നീയൊരുള്ളാടനാണെന്നു കാണുന്നു ഞാന്‍!
നീ നിന്റെയുള്ളിലെയാട്ടം നിറുത്തുക!!
നീയുള്ളിലാടുവോന്‍മാത്രമ,ല്ലുള്ളിലാ-
യാടുമു,ണ്ടേതതിന്‍ വര്‍ഗമെന്നുള്ളതു
നീ സ്വയം കണ്ടെത്തിടേണം, നിനക്കിങ്ങു
നല്കുവാന്‍ പാലുണ്ടു രോമവുമെങ്കില്‍ നീ
സങ്കരംതന്നെ,യീ സങ്കരലക്ഷണം
തന്നെയാണാട്ട,മീയാട്ടം നിറുത്തുക!!!

ധൃതി
നീ ശീഘ്രകര്‍ത്തവ്യകൃത്താണു, നിന്നൂര്‍ജ-
മീ ശീഘ്രതയ്ക്കായ് ബലികൊടുത്തീടൊലാ!
നിന്നോടു പണ്ടു മൊഴിഞ്ഞു ഞാന്‍ : ഒക്കെയും
സാവധാനം മതി, നിന്‍ ധൃതികൊണ്ടു നീ
ചെയ്യുന്നതൊക്കെയാവര്‍ത്തിച്ചിടേണ്ടതായ്
വന്നിടാറില്ലയോ? ബോധപൂര്‍വംമാത്ര-
മോരോചുവടുമെടുത്തു വച്ചീടുക,
ഓരോന്നിലും സൂക്ഷ്മദൃക്കോടെ നോക്കുക!!

സ്മൃതി
ഓര്‍മ്മകള്‍ നഷ്ടമായിടുന്നെന്നു നീ
ഓര്‍ത്തു കേഴേണ്ട, ഒക്കെ സുരക്ഷിതം
നിന്റെയുള്ളില്‍: നിനക്കതില്‍നിന്നുമി-
ന്നല്ല, യെന്നും തുറന്നെടുത്തീടുവാന്‍
ആവു, മാകയാലീ സ്മൃതീപേടകം
ശൂന്യമാകയില്ലില്ലീ മൃതിയിലും.
നീയൊരിക്കല്‍ക്കുറിച്ചതോര്‍ത്തീടുക:
ഭൂമി കത്തിയമര്‍ന്നൊടുങ്ങീടിലും
കര്‍മ്മബീജമനന്തവിശ്വത്തിലെ-
ങ്ങെങ്കിലും ചെന്നു സംസാരസാഗര-
ബുദ്ബുദം തീര്‍ക്കു,മീ സത്യമൊത്തു നീ
മുക്തിയുണ്ടെന്നുമോര്‍ത്തുകൊള്ളൂ, സ്വയം
മുക്തനാകാന്‍ സ്വയം മറന്നാല്‍ മതി!