2014 ജനുവരി 23, വ്യാഴാഴ്‌ച

രണ്ട് അരാഷ്ട്രീയ പദ്യങ്ങള്‍ - ആമാദ്മിയും ആപ്പും


ആമാദ്മി
 

ആമാദ്മിയാമയാ,ണതിനാവു, മിവിടെയും 
ആമാശയം നിറച്ചിവിടുറങ്ങീടാതെ-
യാവില്ലയെന്നുള്ളവസ്ഥയില്‍ മത്സരി-
ച്ചീടുന്ന മുയലിനെത്തോല്പ്പിക്കുവാന്‍, ദൃഢം!
 

ആപ്പ് 
ആപ്പാപ്പുതന്നെയാ,ണതു തടിയറത്തിടും
വാനരന്മാര്‍തന്നെ വച്ചതാ, ണൂരുവാന്‍
നോക്കുന്ന വാനരകുമാരനുചതഞ്ഞര-
ഞ്ഞീടുവാന്‍ വാല്‍മാത്രമല്ലെന്നു കാണുക!

2014 ജനുവരി 11, ശനിയാഴ്‌ച

ജോണി ജെ പ്ലാത്തോട്ടത്തിൻറെ 'സാംഖ്യദർശനം'



 ശ്രീ ജോണി ജെ പ്ലാത്തോട്ടം എഴുതി ഈയിടെ പ്രസിദ്ധീകരിച്ചിട്ടുള്ള 'ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല' എന്ന കവിതാസമാഹാരത്തിലെ 

'സാംഖ്യദർശനം' എന്ന കവിത കാവ്യകേളി സുഹൃത്തുകൾക്കൊന്ന് പരിചയപ്പെടുത്താനാണ് കുറിപ്പ്.  
കവിതാസമാഹാരം ഇന്ന്  (ജനുവരി 12- ഞായർ) രാവിലെ 10 മുതല്‍ 1 വരെ പാലാ സഹൃദയസമിതിയിൽ ചര്‍ച്ച ചെയ്യുന്നു. സ്ഥലം: കൊട്ടാരമറ്റം സഫലം 55+ ഹാൾ

കണക്കും കവിതയും വിരുദ്ധധ്രുവങ്ങളിലുള്ള രണ്ടു വിപരീതപ്രതിഭാസങ്ങളാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ അത് രണ്ടു കാന്തങ്ങളുടെ വിപരീതധ്രുവങ്ങളാണെന്നു ഗ്രഹിക്കാൻ കഴിയുന്ന ഒരു കവിമനസ്സിനേ സാംഖ്യദർശനം എന്ന കവിത എഴുതാനാവൂ. കാലാകാലങ്ങളായി അക്കങ്ങൾക്ക് മനുഷ്യൻ കല്പിച്ചുകൊടുത്തിട്ടുള്ള സാംസ്കാരിക സങ്കല്പസ്വരൂപങ്ങളിലേക്ക് സഹൃദയരുടെ കണ്ണുകൾ തുറന്നുതരുന്ന ഗുരുവചനങ്ങളാണ് ലഘുവെന്നുതോന്നുന്ന ഇതിലെ ഓരോ ഉൾക്കാഴ്ചകളും. കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ലോകത്തുനിന്ന് സംഖ്യകളെ വിമോചിപ്പിച്ച് വൃത്തനിബദ്ധമായ കവിതകളിലെ മാത്രാവ്യത്യാസങ്ങൾക്കപ്പുറത്തെത്തിക്കുന്പോൾ അക്കങ്ങളുടെ അക്ഷരമഹിമ അനുവാചകൻറെ ചുണ്ടുകളിൽ പുഞ്ചിരി പകരുന്നതെങ്ങനെ എന്നറിയണമെങ്കിൽ കവിത വായിച്ചു നോക്കുകതന്നെവേണം. താനറിയാതെ തൻറെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി ഹൃദയങ്ങളിൽ ജ്ഞാനവും പകരുന്നതെങ്ങനെ എന്ന് ഓരോ അനുവാചകനും സ്വയം അനുഭവിച്ചറിയുന്പോഴേ കവിതകൾ പൂർണമാകൂ.  അതിനാൽ വ്യാഖ്യാനങ്ങൾക്കതീതമായ കവിതയാണിതിലുള്ളത് എന്നു മാത്രം വ്യക്തമാക്കിക്കൊണ്ട് കവിത ഒന്നു പകർത്താൻ മാത്രമേ ഞാനിവിടെ തുനിയുന്നുള്ളു.
7. സാംഖ്യ ദര്‍ശനം

ഒന്ന്
പൂര്‍ണതയുടെ ഏകകം
ന്യൂമറോളജിയില്‍ സൂര്യന്‍
ഒന്നാമന്മാരില്‍ ഒന്നാമന്‍
ആദിയും അനന്തതയും ഒന്നില്‍

പക്ഷേ
അപകര്‍ഷതയുടെ അശ്വത്ഥാമാവ്
ഏകാകി
ഒരു കൂട്ടിന്, ഇണയ്ക്കുവേണ്ടി ഉഴലുന്നവന്‍
പ്രലോഭനത്തിന്റെ ആദിബിംബവും ഇവന്‍
'ഒന്ന്, ഒരിക്കല്‍...ഒരിക്കല്‍മാത്രം' !....എന്നും
'ഒരിക്കല്‍കൂടി..........പ്ലീസ് ഒരിക്കല്‍കൂടി' ....എന്നും
'ഈ ഒരിക്കല്‍കൂടി മാത്രം' ..........എന്നും,
കൊതിയുടെ മന്ത്രമായി
ശാപമോക്ഷമില്ലാത്ത അലച്ചില്‍

രണ്ട്
ഹായ്!
ശാന്തി, ശാന്തി
തുണയ്ക്കുവേണ്ടിയുള്ള ആദിമദാഹം
ശമിപ്പിക്കപ്പെട്ടിരിക്കുന്നു
മാത്രമോ,
രണ്ടു സൂര്യന്മാരെ ആര്‍ക്കു വെല്ലാനാകും?
ഈ ദ്വയം അദ്വിതീയമെന്നു ജാതകവും

പക്ഷേ....
രണ്ടു പൂര്‍ണതകള്‍ ചേര്‍ന്നുപോകില്ലെന്നു സ്ഥിതിസംഹിത
മറ്റേ ഒന്നു തന്നോളം വരില്ലെന്ന തോന്നല്‍
- ഈഗോ ക്ലാഷ് എന്നു മനഃശാസ്ത്രവ്യാഖ്യാനം-
അനുയോജ്യമായൊരൊന്നിനെ കണ്ടെത്തുകതന്നെ
ആൗ േമഹമ െ!
ദൈവം യോജിപ്പിച്ച ഈ സയാമീസ് ഇരട്ടകള്‍ക്ക്
വേര്‍പെടാന്‍ വിധിയില്ല

മൂന്ന്
മൂന്നായാല്‍ പരിഹാരമായെന്ന്
ഈശ്വരന്മാര്‍ പോലും നിനച്ചിരുന്നു
അതിനാല്‍ തന്നെ
ത്രിമൂര്‍ത്തികള്‍, ത്രിദോഷങ്ങള്‍, ത്രികോണങ്ങള്‍
മുക്കാലി, മുക്കൂട്ട്, മൂന്നാം നാള്‍, മൂന്നുതരം;
എന്നാല്‍, കുഴപ്പം മൂര്‍ഛിക്കുകയായിരുന്നു
താളം ത്രിപുടയില്‍ മുടന്തി
ചലന സന്മാര്‍ഗ്ഗം പിഴച്ചു
മൂന്ന്, പ്രകൃതിവിരുദ്ധസംഖ്യ!
കലഹവും 'ഹോമോ'യുടെ ഉത്പത്തിയും ഫലം

നാല്
'ഒരു വശവുമില്ലാത്തവന്‍' എന്നു സ്വയം ചിലര്‍;
പക്ഷേ
സ്ഥാവരജംഗമങ്ങള്‍ക്കെല്ലാം
വശം നാലും നല്‍കപ്പെട്ടിരിക്കുന്നു

എങ്കിലും നാലിനെ ഒന്നു സൂക്ഷിച്ചേക്കുക
നാല്‍വര്‍ സംഘം, നാലാള്‍ നാലുവഴി
മാത്രമോ, നാലുനേരത്തെ വിശപ്പും!

നാലുകെട്ടെ,ന്നാല്‍
ഹൈന്ദവവും ഇസ്ലാമികവുമായി
നാനാര്‍ത്ഥങ്ങള്‍
ലളിതമായ നിരൂപകഭാഷയില്‍,
'തുലോം വ്യതിരിക്തമായ അര്‍ത്ഥോത്‌ല്പാദനങ്ങള്‍!'

എവിടെ നാലുണ്ടോ
അവിടെ സന്തുലിതമുണ്ട്
ഇതാകാം പ്രകൃതിയും നാലും തമ്മില്‍
കട്ടിലിനും കാറിനും പന്തലിനും പശുവിനും
കൃത്യമായും നാലേകാല്

എന്നിട്ടും
നാല്‍ക്കാലി എന്ന്
പുച്ഛം കലര്‍ന്ന ഒരു പ്രയോഗമുണ്ട്
ഉണ്ടാകും!
പണ്ട് ഇദ്ദേഹവും നാലുകാലിലായിരുന്നല്ലോ.

അഞ്ച്
'ആറാം പന്തി'നെക്കാള്‍
പേരും പെരുമയുമുണ്ട് 'അഞ്ചാംപത്തി'ക്ക്
പക്ഷേ, ചതിയനെന്നു ചരിത്രം.
ചരിത്രം തിരുത്തിയിട്ടും കുറിച്ചിട്ടും
തിരുത്തിക്കുഴിച്ചിട്ടിട്ടും
പാവം അഞ്ചിനു പാഠഭേദമില്ല

ചിലപ്പോള്‍,
ചരിത്രവും ചാരിത്രവും പോലെ
കടലും കടലാടിയുംപോലെ
അടിയും അടിയോടിയും പോലെ
അടുക്കളയും ഇടിക്കുളയും പോലെ
വി.കെ.എന്നും ഈ.കെ. എന്നുംപോലെ
ഏ.കെ. ജിയും എല്‍.കെ.ജിയും പോലെ
അഞ്ചിന് അഞ്ചാംപത്തിയെക്കുറിച്ച്
മനസ്സറിവേ കാണില്ല!

ആറ്
പാവപ്പെട്ടവര്‍ക്കും
ഒരു സംഖ്യ;
എന്നാല്‍
ആറെന്നു പറയാനൊരിണ്ടല്‍
അരഡസനെന്നും അര്‍ദ്ധവാര്‍ഷികമെന്നും
പത്രാസ് പറഞ്ഞ് ചമ്മലകറ്റുന്നു


അഞ്ചക്കങ്ങള്‍ക്കു ജ്യേഷ്ഠന്‍
പക്ഷേ, പറഞ്ഞിട്ടെന്ത്
കാര്‍ഡ്‌സു കളിയില്‍പ്പോലും അവഗണന

ആറും അറുപതും എന്ന്
പ്രാസത്തിലും ഒരു പാരപ്രയോഗം

ഏഴ്
ഏവര്‍ക്കും അരുമയാനയേഴ്
എല്ലാം തികഞ്ഞ കലാകാരന്‍
സ്വരവും വര്‍ണ്ണവും
പാരവും പാരാവാരവും
അവനു വിധേയം

ഏഴെഴുപത് എഴുനൂറും എന്നു ക്ഷമയുടെ അവതാരം
എന്നിട്ടും
ഏഴാം കൂലിയെന്ന്
കേള്‍ക്കാതൊരു വിളിപ്പേര്;
അതങ്ങനെയാണല്ലോ
അസൂയ!
അങ്കുശമില്ലാത്ത അസൂയ

എട്ട്
പേരില്‍ത്തന്നെ തട്ടുപൊളിപ്പന്‍
കോലാഹലപ്രിയന്‍
എട്ടരക്കട്ടയെന്നോര്‍ത്താല്‍ മതിയല്ലോ
അസുരവാദ്യമായിരിക്കണം പത്ഥ്യം
-വായ്പാട്ടില്‍ എം.എസ്. വിയും സൗന്ദരരാജനും

സാഹസികരായ സ്ത്രീകള്‍
എട്ടാം മാസത്തിലും പ്രസവിക്കുന്നു
എട്ടുദിക്കിലും ഈ കുട്ടന്മാര്‍
സൈ്വരം തരില്ലെന്നു പൂര്‍വ്വികര്‍
'എട്ടുവീട്ടില്‍ പിള്ള' മാരും
ശബ്ദപ്രതാപികളാണല്ലോ.

ഒന്‍പത്
അക്കങ്ങളുടെ യുധിഷ്ഠിരനാണ്.
പക്ഷേ, ആര്‍ക്കുമത്ര മതിപ്പില്ല
ചീട്ടുകളിയിലെ 'പരീല്‍' കണക്ഷനാകാം കാരണം
('ഇസ്‌പേഡ് ഒന്‍പത്' ഒളിപ്പിച്ചുവച്ച്
തല്ലുവാങ്ങിയവര്‍ ധാരാളം)

എന്തോ, ഒന്‍പതിനോട്
എനിക്കുമില്ല താത്പര്യം
- 'ഒന്‍പതാം പ്രമാണ' മാകില്ല കാരണം!
ചിലപ്പോള്‍ ചിലര്‍ക്ക്
ഒന്‍പതൊരു ഭാരിച്ച മാസം!
എന്നാല്‍,
ഫലമറിയുന്നതും
ഭാരമൊഴിയുന്നതും
ഈ ആശ്വാസനമ്പരില്‍

പൂജ്യം
അലഞ്ഞുനടക്കുന്ന
ഒരനാഥച്ചെക്കന്‍!
-കൂലിയില്ലാത്ത ജോലികള്‍,
കടയിലേക്കോടാനും
കത്തുപോസ്റ്റു ചെയ്യാനും-
സദാ വണ്ടിച്ചക്രമോടിച്ചു പോകും

ചിലര്‍ അവനെ വച്ചു
ലക്ഷങ്ങളുണ്ടാക്കുന്നു
മണിമാളികകൡ കൂട്ടിക്കൊണ്ടുപോകുന്നു
അയനത്തിന്റെയും ആവേഗത്തിന്റെയും
ചിഹ്നമായി,
അജ്ഞതയുടെയും അനാഥത്വത്തിന്റെയും
സ്വാതന്ത്ര്യമാസ്വദിക്കുന്ന പാവം കുട്ടി,
അവന്‍ വീണ്ടും തെരുവിലെത്തുന്നു,

'ജിപ്‌സികളുടെ ജനുസില്‍പ്പെട്ടവന്‍
ഇല്ലായ്മയുടെ സൗന്ദര്യംപേറുന്നവന്‍
ദാര്‍ശനിക മാനങ്ങളുള്ളവന്‍...'
എന്നു താടിക്കാരായ ബുദ്ധിജീവികള്‍

ഏതോ നിഗൂഢതയവനെ ചൂഴ്ന്നുനില്‍ക്കുന്നു
അവന്റെ പിന്നിലാരോ ഉണ്ട്
ദൈവമോ പിശാചോ?

2013 ഡിസംബർ 12, വ്യാഴാഴ്‌ച

'കോഴിമുട്ടപ്പാറ'യിലെ നസ്രാണിവിഷാദയോഗം

From  
http://sahryudayasamithi.blogspot.in/ 

(പുസ്തകാസ്വാദനം - ജോസാന്റണി)
കവി
വര്‍ഗീസാന്റണി (phone : 9526335648)
ഡിസി ബുക്‌സ് കോട്ടയം
'
നസ്രാണിവിഷാദയോഗം' എന്ന ശ്രീ വര്‍ഗീസാന്റണിയുടെ കവിതാസമാഹാരത്തിന്റെ 'കോഴിമുട്ടപ്പാറയിലെ വെളിപ്പെടല്‍' എന്ന ആമുഖത്തില്‍ ശ്രീ വര്‍ഗീസാന്റണി വ്യക്തമാക്കിയിട്ടുള്ള കാവ്യസത്യം ഇതാണ്: ''പ്രകൃതിയിലെ അന്തമറ്റ രൂപങ്ങളാണ് അന്തമറ്റ കാവ്യരൂപങ്ങളായി മാറുന്നത്. സ്ഥൂലപ്രകൃതിയില്‍ നിന്ന് സൂക്ഷ്മപ്രകൃതിയിലേക്കുള്ള സഞ്ചാരമാണ് കവിത......
കോഴിമുട്ടപ്പാറ തൃശൂരിലെ വെള്ളിക്കുളങ്ങരയിലുള്ള ലോകാക്ഭുതമാണ്.
......അസാധ്യമായ പലതും മനുഷ്യന്‍ സാധിച്ചിട്ടുണ്ട്. എന്നിട്ടും ഇതുവരെ ഒരു കോഴിമുട്ട ഓരംകുത്തി നിറുത്താന്‍ മനുഷ്യനു സാധിച്ചിട്ടില്ല കോഴിമുട്ടയുടെ വെല്ലുവിളി പ്രകൃതി ഏറ്റെടുത്തു പ്രകൃതിയുടെ കരവിരുതിന്റെ, കരള്‍വിരുതിന്റെ, പ്രകടനമാണ് കോഴിമുട്ടപ്പാറ.
......കോഴിമുട്ട ഫലിതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ ഫലിതമാണ്. മുട്ടയും പാറയും തമ്മിലുള്ള പൊരുത്തക്കേടാണ് അതിനെ ഫലിതമാക്കുന്നത്......കോഴിമുട്ട അത്ഭുതമല്ല. പക്ഷേ, കോഴിമുട്ടപ്പാറ അത്ഭുതമാണ്. പേരില്‍ കുടികൊള്ളുന്ന ഹാസ്യം നേരില്‍ അത്ഭുതമായി മാറും. വേണമെങ്കില്‍ വീരവും രൗദ്രവും അതില്‍ ദര്‍ശിക്കാം. ശൃംഗാരം അതിലില്ലെങ്കിലും അതിനരികിലുണ്ട്.മേല്‍പ്പറഞ്ഞ രസങ്ങളിലൂടെയെല്ലാം കടന്നുപോയി കുറച്ചുനേരം കണ്ണടച്ചിരുന്നാല്‍ ശാന്തരസവും ഉണരും. അതുകൊണ്ട് കോഴിമുട്ടപ്പാറ ഒരു മഹാകാവ്യമാണ്.''
വര്‍ഗീസാന്റണിയുടെ കവിത വര്‍ഗീസാന്റണിയുടെമാത്രം ശൈലിയിലുള്ള കവിതയാണ്. ഇതിനെ ഒരു കള്ളിയിലും ഇട്ടുവയ്ക്കാവുന്നതല്ല. ഇവ കാല്പനികമോ ആധുനികമോ അത്യന്താധുനികമോ ആധുനികോത്തരമോ ഉത്തരാധുനികമോ ഒന്നുമല്ല. ഓരോ ആസ്വാദകന്റെയും അനുഭവങ്ങളോടും അറിവുകളോടും പ്രതിപ്രവര്‍ത്തിച്ച് ഉരുത്തിരഞ്ഞുവരേണ്ട അര്‍ഥതലങ്ങളാണ് ഓരോ കവിതയിലും ഉള്ളത്.
ആദ്യവായനയ്ക്ക് സുലളിതമെങ്കിലും ആലോചനാമൃതം എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന കുറെ വരികള്‍ ഇവിടെ ഉദ്ധരിച്ചാല്‍ മതി എന്നാണ് ആദ്യം തോന്നിയത്. താഴെ കൊടുക്കുന്ന വരികള്‍ ഒന്നുകൂടി വായിച്ചപ്പോള്‍ ഞാനൊരു പ്രതിസന്ധിയിലായി.
''കൊതുകുകടി മനുഷ്യപക്ഷവീക്ഷണമാണ്.
കുടിയാണ് കൊതുകുപക്ഷം.
ചോരകുടിച്ചാലും വര്‍ഗശത്രുവിനെ ഉന്മൂലനം ചെയ്യുകയില്ലവ, ഉന്മീലനം ചെയ്യും.
കൊഴിഞ്ഞൂ ഉന്മൂലനസിദ്ധാന്തം.
വിരിഞ്ഞൂ ഉന്മീലനത്തിന്റെ ഉപനിഷത്ത്.''
ആധുനികോത്തരകവിതയുടെ വാച്യാര്‍ഥം കൃത്യമായറിയാന്‍ ശബ്ദതാരാവലിയില്‍ നോക്കാന്‍ ഇടയാകരുതല്ലോ. ഉന്മീലനം എന്ന വാക്കിന്റെ അര്‍ഥമറിയാന്‍ എനിക്ക് ശബ്ദതാരാവലിയില്‍ നോക്കേണ്ടിവന്നു. കണ്ണുതുക്കല്‍, ഉണരല്‍ എന്നാണ് അതിനര്‍ഥം. വലിയ അര്‍ഥതലങ്ങളുള്ള വാക്കാണിത്. അപ്പോള്‍ ഇവിടത്തെ കൊതുക് വെറും കൊതുകായിരിക്കില്ല. ഈ ഏതാനും വരികള്‍ക്കുള്ളില്‍, കൃത്യമായി വിശദീകരിക്കാനാവാത്ത അഗാധമായ ചില ധ്വനിതലങ്ങള്‍, മുട്ടയിലെ കരുപോലെ ഉണ്ട്. എനിക്കു കൂടുതല്‍ വിശദീകരിക്കാനാവുന്നില്ല.
അതേ. ഈ പുസ്തകം 'കോഴിമുട്ടപ്പാറ'പോലെതന്നെ ഒരു മഹാകാവ്യമാണ്. പ്രകൃതി തന്നിലുള്ള ഫലിതവും അത്ഭുതവും സ്വയം നോക്കിക്കണ്ടപ്പോള്‍ കോഴിമുട്ടപ്പാറ ഉണ്ടായതുപോലെതന്നെയാണ് വര്‍ഗീസാന്റണി പ്രകൃതിയിലുള്ള ഫലിതവും അത്ഭുതവും നോക്കിക്കണ്ടപ്പോള്‍ ഈ പുസ്തകത്തിലെ കവിതകളോരോന്നും ഉണ്ടായത്.
ആമയെപ്പറ്റിയുള്ള നാലു കവിതകളിതിലുണ്ട്. 'കൂര്‍മ്മാധിപത്യം', 'ആമ & അവതാരക', 'ഗ്രാന്റ് ഫിനാലെ', 'വീടുണ്ടാക്കി മുടിഞ്ഞ ആമയില്ലല്ല. ആമ എന്ന പ്രതീകത്തിന് നാലുകവിതകളിലും വ്യത്യസ്തമായ ഊന്നലുകളാണ് എന്നു നാം പ്രത്യേകം ശ്രദ്ധിക്കണം. ആദ്യകവിതയില്‍ വേദങ്ങള്‍ വീണ്ടെടുത്ത ആദ്യാവതാരമായ ആമ പറയുന്നു: ''ഞങ്ങള്‍ വഹിക്കുന്ന അറിവിന്റെ മഹാഭാര(ത)ത്തെയാണ് മന്ദതയെന്നും നിസ്സംഗതയെന്നും നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത്.''
രണ്ടാമത്തെ കവിതയില്‍ ആമ പറയുന്നു: ''പരാജയത്തിലുമുണ്ടൊരു സാധ്യത. മുയല്‍ ആരംഭിച്ചത് പൂജ്യം ശതമാനം പരാജയസാധ്യതയില്‍നിന്നാണ്. ഞാന്‍ ആരംഭിച്ചത് പൂജ്യം ശതമാനം വിജയസാധ്യതയില്‍നിന്നും. പൂജ്യം എന്നെ ഹരം കൊള്ളിക്കുന്നു.''
മൂന്നാമത്തെ കവിതയില്‍ ഉള്ള രണ്ട് ഉള്‍ക്കാഴ്ചകള്‍ കാണുക: ''ആമയിലെ 'ആ' ലോപിച്ചും 'മ' ഇരട്ടിച്ചുമാണ് അമ്മ എന്ന വാക്കുണ്ടായത്.''
''ആമദേഹവും മുയല്‍മനവും തമ്മിലുള്ള അനാദിയായ മത്സരത്തില്‍ ആമ ഒരിക്കലും ജയിച്ചിട്ടില്ല.''
നാലാമത്തെ കവിതയിലെ ഏതാനും ഉള്‍ക്കാഴ്ചകള്‍ കൂടി കാണുക:
''ഗുഹയിലോ മരച്ചുവട്ടിലോ അല്ല വീടിന്റെ ഉത്പത്തി ആമയുടെ മുതുകിലാണ്.
....വീടു മുതുകിലുള്ളവന് എങ്ങുമെത്താന്‍ ധൃതിയില്ല...
വീടും വീട്ടുകാരനും രണ്ടെന്ന ദൈ്വതമില്ലാത്തതതിനാല്‍ ഗൃഹാതുരത്വമില്ല.''
തുറന്നു പറയട്ടെ, ഈ പുസ്തകം വാങ്ങാനും വായിക്കാനും വായനക്കാര്‍ക്കു പ്രചോദനമേകുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. അതുകൊണ്ട് എനിക്കു ശ്രദ്ധേയമെന്നു തോന്നുന്ന കുറെ വരികള്‍ ഉദ്ധരിക്കുകയേ ഞാന്‍ ഇനിയും ചെയ്യുന്നുള്ളു.
''ഒരൊറ്റ വാക്കേയുള്ളൂ, അല്ല, ശബ്ദമേയുള്ളൂ - കൊക്കൊക്കോ
അര്‍ഥശൂന്യം, അതിനാല്‍ പ്രതിധ്വനിക്കും ഏതര്‍ഥവും.'' (മുട്ടയിട്ടാല്‍ ആര്‍ക്കമിഡീസാകും)
''കടുകോളം കാരണത്തില്‍നിന്ന് കടലോളം കാര്യങ്ങളുണ്ടാകുന്നതിനോളം അത്ഭുതമെന്തുണ്ട്?
മറിച്ചാകുന്നതിനോളം ചിരിയെന്തുണ്ട്?'' (തലനാരിഴയുടെ വ്യത്യാസങ്ങള്‍)
''അവസാന അത്താഴത്തിന്റെ ആസന്ന ദുരന്തമൂര്‍ച്ചയിലേക്ക്
ഓര്‍ക്കാപ്പുറത്തൊരു കോഴി പറന്നാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?''(കോഴി മൂന്നുവട്ടം കൂകുംമുമ്പ്)
''ഭക്ഷണമാണഖിലസാരമൂഴിയില്‍ ഭക്ഷണമില്ലാക്ഷണമില്ല'' (അഖിലസാരമൂഴിയില്‍)
ചഞ്ചലഭാഷിണി*യാല്‍ അചലങ്ങള്‍പോലും ചഞ്ചലമായ്''
*മൊബൈല്‍ഫോണ്‍ (പരിധിക്കകത്തോ പുറത്തോ)
''ഫ! ചൂലേയെന്നു മാനക്കേടില്‍ മുക്കിയ രൂപകമോങ്ങി അകത്തുള്ളവള്‍
കുറ്റിച്ചൂലളന്നു, അധഃപതനത്തെ.'' (തെങ്ങിന്റെ ആത്മഗതം)
''ആത്മഹത്യ ചെയ്യാന്‍ മാത്രമേ ഞങ്ങള്‍ താഴേക്കു ചാടാറുള്ളൂ
എന്നു പറഞ്ഞപ്പോള്‍ നീ കാടുമുഴക്കിച്ചിരിച്ചു.'' (ജലപതനം)
''കടിച്ചു ചോരകുടിച്ചു കൊല്ലുന്നു കൊതുകോളം തെറ്റുകള്‍
ആനയോളം ശരികളെ.'' (സ്ത്രീയേ എനിക്കും നിനക്കും)
''ഏതിന്‍ ഷട്ടറിടും രണ്ടാം വരവില്‍?
നിര്‍ഗോളീകരണം, ആഗോളതാപശമനം, പില്‍ക്കാല സോഷ്യലിസം?''
('സെന്‍' തോമസിന്റെ സുവിശേഷത്തില്‍ എഡിറ്റര്‍ ചെയ്തത്)
''മനുഷ്യനു മനുഷ്യനെയും ദൈവത്തെയും പിശാചിനെയും മാറിമാറി വിളിക്കാം
ദൈവത്തിനു വിളിക്കാന്‍ ദൈവമില്ല, മനുഷ്യനേയുള്ളൂ.'' (വിശ്വവിഖ്യാതമായ ചെവികള്‍)
''എവറസ്റ്റ് കീഴടക്കുന്നവര്‍ എവറസ്റ്റിനു കീഴടങ്ങും
ഉലകമേ ചൂടിക്കരുത് ജേതാവിന്റെ മുടി
പരാജയശ്രീലാളിതന്‍ ഞാന്‍'' (എവറസ്റ്റാരോപണം) 

2013 ഒക്‌ടോബർ 7, തിങ്കളാഴ്‌ച

അലക്കുകല്ലില്‍ ഒരു മണ്ണിര

കുളിക്കടവ്
അലക്കുകല്ലില്‍ ഇവനെങ്ങനെ വന്നു?
ചൂണ്ടയിടാന്‍ വന്നവന്റെ മടിയില്‍നിന്നു വീണതാവും.
മീനിന് ഇരയാകേണ്ടവന്‍
കല്ലിലൂടെ പുളഞ്ഞുനടക്കുന്നു.
ഒരു മീനിനോ
ഇവനുതന്നെയോ
ഞാന്‍ ഉപകാരിയാകേണ്ടത്?
എടുത്ത് മണ്ണിലേക്കിട്ടപ്പോള്‍
അവന്റെ ഉദരത്തില്‍ വസിക്കുന്ന
ലക്ഷക്കണക്കിന് സൂക്ഷ്മാണുക്കള്‍
എന്നോടു പറഞ്ഞു:
നന്ദി, മോനേ നന്ദി! 


കരിയിലകള്‍തിന്ന് വളമാക്കിയത്
മണ്ണിരയാണെന്നു കരുതിയ
മണ്ണും പുല്ലും മണ്ണിരയോടു പറഞ്ഞു:
നന്ദി!
മണ്ണിര അവയോടു പറഞ്ഞു:
അലക്കുകല്ലില്‍നിന്ന് എന്നെ മണ്ണിലേക്കിട്ട
ആ മനുഷ്യനോടാണ് നന്ദി പറയേണ്ടത്!


(കടപ്പാട്: എസ് ശിവദാസ്, മാത്തന്‍ മണ്ണിരക്കേസ്) 

2013 സെപ്റ്റംബർ 26, വ്യാഴാഴ്‌ച

പൂച്ചയും ഞാനും

ഓടിച്ചിട്ട് പിടിച്ച് വീട്ടിലെത്തിച്ച ഈ പൂച്ച
പേടിച്ചിട്ട് ഞങ്ങളാരുടെയും അടുത്ത് അടുക്കാറില്ല.
പേടിത്തൊണ്ടിയാണെങ്കിലും കഴിഞ്ഞ ദിവസം
ഒരു പാമ്പിനെ പിടിച്ച് കടിച്ചുമുറിച്ചു തിന്നതോടെ
പൂച്ചയ്ക്ക് ഞങ്ങളോടുള്ളതിലും
പേടി ഞങ്ങള്‍ക്ക് പൂച്ചയോടായി.


കമ്പ്യൂട്ടറിന്റ മുകളിലൂടെ കളിച്ചുനടക്കുന്ന അവളെ
പുറത്തേക്കെടുത്തെറിയാനാണ്
ഞാനവ
ളെ പിടിച്ചത്. 
പേടിച്ചോടാതെ എന്റെ
നെഞ്ചോടു ചേര്‍ന്നിരുന്ന അവള്‍ക്ക്
എന്നെ പേടിയില്ല എന്നെനിക്കു മനസ്സിലായി.
ഞാനവളെ മടിയിലിരുത്തി തലോടി.
അവള്‍ കുറുകിക്കൊണ്ട് അവിടെയിരുന്നു.
കയ്യെടുത്തപ്പോള്‍ മടിയില്‍നിന്നിറങ്ങിയെങ്കിലും
എന്റെ ചൂടുപറ്റി അടുത്തുതന്നെയിരുന്നു.

അവള്‍ക്ക് എന്തായിരിക്കും തോന്നിയിരിക്കുക?
വേലക്കാരിക്ക് കുഞ്ഞിനോടുള്ള സ്‌നേഹംപോലും
ആരോടുമില്ലെന്ന് സ്വയം കരുതുന്ന ഞാന്‍
പൂച്ചയോടു പോലും ഇഷ്ടം തോന്നുന്ന
ഒരു പാവം സന്യാസിയാണെന്ന്
അവള്‍ക്കു മനസ്സിലായിരിക്കണം.

ഞാനെണീറ്റപ്പോള്‍ ഈച്ചകളെയും പിടിച്ച്
അവള്‍ മുറിയില്‍ ചുറ്റിപ്പറ്റിനിന്നു.
ഈച്ചയും പൂച്ചയും കഞ്ഞിവച്ചതും
ഈച്ച കലത്തില്‍വീണു ചത്തതും
എനിക്ക് ഓര്‍മ്മ വന്നു.
അവളെ ഞാന്‍ മുറിക്കു പുറത്താക്കി വാതിലടച്ചു.
 

ഇല്ലിക്കന്‍ * മനോഭാവം

ഇല്ലിക്കന്‍ *
മലയാള മനോരമയുടെ നല്ല പാഠം പരിപാടിയുടെ കഴിഞ്ഞവര്‍ഷത്തെ കോട്ടയം ജില്ലാതല ജേതാവ് എന്റെ പൂര്‍വവിദ്യാലയമായ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ആണ്. ആറ്റുതീരം സംരക്ഷിക്കാനുള്ള അവരുടെ 'മുളങ്കൂട്ടം' എന്നപരിപാടിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്നാണ്. മീനച്ചിലാറുമായി ബന്ധപ്പെട്ട് ഇരുപത്തിനാലോളം വര്‍ഷമായി മീനച്ചില്‍ നദീ (തട) (ജല) സംരക്ഷണ സമിതിയുമായി സഹകരിക്കുന്നയാളാണ് ഞാന്‍ . ഈയിടെ ഞാനെഴുതി ഏതാനും സുഹൃത്തുക്കളുടെ മുമ്പാകെ അവതരിപ്പിച്ച ഒരു കവിത അവരുടെ സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ഒന്നു തിരുത്തണമെന്ന് ഇപ്പോള്‍ തോന്നി. തിരുത്തിയെഴുതിയപ്പോള്‍ കവിതയുടെ രൂപഭാവങ്ങളില്‍ സംഭവിച്ച മാറ്റം വളരെ നന്നായിട്ടുണ്ട് എന്ന് അവരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ അത് ഇന്നുതന്നെ പ്രസിദ്ധീകരിക്കുകയാണ്.

''എല്ലാരുമോടിക്കോ, കല്ലിന്മേല്‍ക്കല്ലാ-
ണില്ലിക്കക്കല്ലെന്നറിഞ്ഞോടി മാറൂ!'' 
- മുന്നറിയിപ്പുമായ് മുമ്പിലോടുന്നോ-

രെന്മുന്നില്‍ സത്വമായ് നില്ക്കുന്നതാര്? 

ഇല്ലിക്കനാണു ഞാ, നില്ലിക്കക്കല്ലിന്‍
ഉള്ളിലിരുന്നവ ചേര്‍ത്തതെന്‍ കൈകള്‍
മണ്ണും മരങ്ങളും പുല്ലുമാ വേരാല്‍
തമ്മില്‍ക്കൊരുത്തുള്ള നില്പുമാര്‍ കണ്ടു? 

ഇല്ലിക്കക്കല്ലേകമാം ശിലയല്ല
എന്നാലതെന്‍ ശക്തിയാലേകനത്രെ!
കല്ലോടു കല്ലല്ലതില്‍ പഞ്ചഭൂതം 
തമ്മില്‍ക്കലര്‍ന്നുനിന്നേകുന്നതൈക്യം!!

ആനന്ദമോടേ കടല്‍ ലക്ഷ്യമാക്കീ-
ട്ടാറിങ്ങു വേഗത്തിലോടുന്ന ഭാഗം
മീനച്ചിലാറിന്റെയുത്ഭവസ്ഥാനം
ഞാനെന്നറിഞ്ഞാല്‍ ഭയക്കില്ലയെന്നെ.

സത്യമായും സത്വമാണു ഞാന്‍ , പക്ഷേ,
സത്വത്തെ നിങ്ങള്‍ ഭയക്കുന്നതെന്തേ?
ഇല്ലികളാറ്റിന്നിരുകരയ്ക്കും വ-
ച്ചില്ലിക്കനാക്കുകെന്നാറിനെ നിങ്ങള്‍ !''

*മീനച്ചിലാറിന്റെയുത്ഭവസ്ഥാനം

ഇല്ലിക്കന്‍ *

 മനോഭാവം:

'via Blog this'

2013 സെപ്റ്റംബർ 24, ചൊവ്വാഴ്ച

ആത്മശക്തി

അലസതവെടിഞ്ഞുണര്‍ന്നീടണം നീ
അഹ, മിഹമിവയ്ക്കിടയ്ക്കുള്ളതാമീ-
യറിവിനെയറിഞ്ഞീടിലുള്ളതെല്ലാം
അകമുഖമൊരാനന്ദസിന്ധുവല്ലോ!

അതിലൊരു മഹാനൗകയാണു ലോകം, 
അതു തുഴയുവാന്‍ ശക്തിയേകിടാം ഞാന്‍ !
ഇവിടെയിനിയിപ്പോള്‍ പുഴയ്‌ക്കൊഴുക്കായ് 
ഒരു ചെറിയ കാറ്റായുമെത്തിടാം ഞാന്‍ !!

2013 സെപ്റ്റംബർ 23, തിങ്കളാഴ്‌ച

ആത്മസ്വരം

ഗുരുവിന്റെ മൊഴിയോര്‍ത്തു, ബോധപൂര്‍വംമാത്ര-
മിവിടെ നീ കര്‍മങ്ങള്‍ ചെയ്യണം, മൊഴിയണം.

എഴുതുന്നതോ ഗണേശന്‍ മഹാഭാരതം
എഴുതുവാനെത്തവേ വ്യാസന്‍ മൊഴിഞ്ഞപോല്‍
പൊരുളറിഞ്ഞാകണം, സമയം അമൂല്യമെ-
ന്നൊരു നിമിഷവും മറന്നീടാതെയാകണം.

മൊഴിയേണ്ട വാക്കുകള്‍ വൈകാരികം ഭാവ-
മൊഴിവാക്കി നിന്റെ നിസ്സംഗഭാവത്തിന്റെ 
മൊഴിയായ്, പ്രകോപനം സൃഷ്ടിച്ചിടാതിനിയു-
മതിസൗമ്യമായ്, ഹൃദ്യമായ്, കാവ്യഭാഷയായ് 
കരുതുന്ന, സ്‌നേഹാര്‍ദ്രസംഗീതമായ് നിന്റെ 
മകളോടു, തുണയോടുമെങ്കിലും ചൊല്ലുക.

ഇതു ശാന്തിമന്ത്രം, കുടുംബശാന്തിക്കു നിന്‍ 
ഗുരുചൊന്ന യോഗപാഠങ്ങളും ഓര്‍ക്കുക,
ഗുരുമൊഴി വഴിക്കു മിഴി നല്കുമെന്നോര്‍ക്കുക.
ഹൃദയസന്തോഷമേകീടണം ജീവിതം.




2013 സെപ്റ്റംബർ 21, ശനിയാഴ്‌ച

ജീവാണുഗീത* - മലയാളത്തിലെ ആദ്യത്തെ മാക്രോബയോട്ടിക് കവിത

ജീവാണുഗീത*
അന്നത്തിനാലെ ജനിച്ചവര്‍ നമ്മള്‍
അന്നത്തിനാലെ ജീവിപ്പവര്‍ നമ്മള്‍
അന്നമായ്ത്തന്നെ മാറേണ്ടവര്‍ നമ്മള്‍
അന്നു നമ്മെത്തിന്നിടുന്നോര്‍ അണുക്കള്‍ !

കോടാനുകോടി ജീവാണുക്കള്‍ നമ്മില്‍
ജീവിച്ചു നമ്മള്‍ക്കു സേവനം ചെയ്‌കെ
ശത്രുവെന്നോര്‍ത്തു നാം വാങ്ങിക്കഴിക്കും
ഔഷധത്താല്‍ മരിക്കുന്ന മിത്രങ്ങള്‍
ആ വര്‍ഗമാണല്ലൊ നമ്മള്‍ മരിച്ചാല്‍
നമ്മെയന്നാഹാരമാക്കി ജീവിപ്പോര്‍ !!

ജീവാണുവൊക്കെയും നമ്മളെക്കാളും
ജീവാര്‍ഥമായ് പ്രപഞ്ചം കണ്ടിടുന്നോര്‍ !
മര്‍ത്യന്റെ ദുഷ്‌കര്‍മമോരോന്നിനെയും
അന്തര്‍ഗതോര്‍ജത്തിനാല്‍ കീഴടക്കാന്‍
ജീവാണുവൊക്കെയും ശക്തിനേടുമ്പോള്‍
നാം സര്‍വസംഹാരശക്തി തേടുന്നോര്‍ !!

ഇപ്രപഞ്ചത്തിന്റെ പിണ്ഡം നിറച്ചും
ഊര്‍ജം, നമുക്കിന്നണുക്കണ്ണുപൊട്ടി-
ച്ചൂര്‍ജം കറക്കാം, ഭരിക്കുന്നതാരെ-
ന്നോര്‍ക്കാതിരുന്നാല്‍ അഹംഭാവമാവാം!

ഈ നമ്മളെക്കണ്ടു ഗൂഢം ചിരിക്കും
ജീവാണു ചൊല്ലുന്നതെന്തെന്നു കേള്‍ക്കൂ:

''കാറ്റിന്റെ ശക്തിയില്‍ വന്മരം വീഴും
പുല്ലോ കൊടുങ്കാറ്റിലും നൃത്തമാടും
ഇപ്പാഠ,മിപ്പോലെ നൂറുനൂറല്ലോ
പാഠങ്ങളീ ജീവിതത്തില്‍ പഠിക്കാന്‍ !
പണ്ടുപണ്ടൊക്കെയുള്‍ക്കണ്ണുള്ള മര്‍ത്യര്‍
കണ്ടെത്തിയോരു സത്യത്തിനെക്കാളും
രണ്ടാം സഹസ്രാബ്ദമര്‍ത്യ'നാത്മാര്‍ഥം'
കണ്ടെത്തിയോ? സത്യമെന്തുണ്ടു വേറെ?
നിന്‍ പ്രാണനുള്ളില്‍ ചരിക്കും പഥങ്ങള്‍
കണ്ടെത്തുവാന്‍ നിനക്കുള്‍ക്കണ്‍കളുണ്ടോ?
കൈ കൊണ്ടു നാഡിതന്‍ സ്പന്ദങ്ങള്‍ നോക്കി
രോഗങ്ങള്‍ കണ്ടെത്തുവാന്‍ ശേഷിയുണ്ടോ?
ശ്വാസകോശം,വൃക്കകള്‍ ,കരള്‍ , ഹൃത്തും
ബന്ധപ്പെടും വിധം കാണുവാനാമോ?
നിന്റെയാഹാരത്തിലുള്ളതാമൂര്‍ജം
എന്തൊക്കെ?, യെന്താണവയ്ക്കുള്ള ശേഷി?
സ്വന്തം മനസ്സിന്‍ കടിഞ്ഞാണ്‍ പിടിക്കാന്‍
സ്വന്തഹൃദ്‌സ്പന്ദനങ്ങള്‍ നിയന്ത്രിക്കാന്‍
ശേഷിയുണ്ടോ നിന?,ക്കീ പ്രപഞ്ചത്തില്‍
നീയാര്? നിന്നുള്ളിലുള്ളൊരീയെന്നില്‍ -
കൂടുതല്‍ നീയെന്തു നേടുന്നു ഭൂവില്‍ ?
നീ നിന്നമര്‍ത്യതയെന്തെന്നറിഞ്ഞോ?''

എന്നുള്ളില്‍ നിന്നേതു ജീവാണുവാണീ
ചോദ്യങ്ങളെന്നോടു ചോദിച്ചിടുന്നു?
ആരാകിലും ഞാനറിഞ്ഞിടുന്നല്ലോ
ഞാനെത്രയജ്ഞനാ, ണല്പനാം മര്‍ത്യന്‍ !

വീണ്ടും വരുന്നല്ലൊ ചോദ്യ, ''മീഭൂവില്‍
ജീവിച്ചിടുന്നതിന്നര്‍ഥമെന്താവും?''

ഇല്ലില്ലെനിക്കറിഞ്ഞീടില്ലയൊന്നും
ഞാന്‍ മര്‍ത്യനാം മരിച്ചീടുവാന്‍ ജന്മം!
എന്നഹംഭാവമേ പത്തി താഴ്ത്തുമ്പോള്‍
എന്താണൊരുള്‍സ്വരം കേള്‍ക്കുന്നു വീണ്ടും?

''വൈരുധ്യമൊക്കെയും തമ്മില്‍ക്കലര്‍ന്നി-
ങ്ങാനന്ദമേകും സമാധാനമാകാന്‍
ബന്ധങ്ങളര്‍ഥപൂര്‍ണങ്ങളാക്കീടാന്‍
ജന്മങ്ങളെന്നാണു പൂര്‍വികര്‍ ചൊന്നൂ!
മര്‍ത്യര്‍ക്കമര്‍ത്യത നേടുവാന്‍ മാര്‍ഗം
ഉള്‍ക്കണ്ണുകള്‍ തുറന്നീടുകില്‍ കാണാം!!''

*ജോസാന്റണി 'അന്നധന്യത' മാസികയില്‍

2006 ഏപ്രില്‍ , മെയ് മാസങ്ങളിലായി പ്രസിദ്ധീകരിച്ചത്‌